പൊറോട്ട

ജൂൺ മാസത്തിലെ ഒരു പുലർച്ചെ ആണ്, കർണാടകയിലെ ഹസ്സനിൽ നിന്നും തലേന്ന് ഏറെ വൈകി കൃഷ്ണരാജനഗർ എന്ന ഒരു ടിപ്പിക്കൽ കന്നഡ ടൗണിലെ, അവിടത്തെ സെറ്റപ്പിൽ ഒരു പോഷ് എന്ന വിളിക്കാവുന്ന ഹോട്ടലിൽ നല്ല ഒരു ഉറക്കവും പാസ്സാക്കി ഇറങ്ങിയതാണ്.കാര്യം വെളുപ്പിന് ആണേലും വിശപ്പിനു ടൈം ഇല്ലല്ലോ.ബേലൂർ എത്താൻ ഇനിയും സമയം എടുക്കും. മാത്രല്ല അവിടെ നല്ല ഹോട്ടൽ ഒന്നുമില്ലെങ്കിൽ പണി ആവും.പോകുന്ന വഴിയെല്ലാം വെറും ഗ്രാമങ്ങൾ ആണ്,കൃഷ്ണരാജനഗർ കഴിഞ്ഞാൽ പിന്നെ ഉള്ള ടൗൺ ബേലൂർ ആണ് എന്ന് റൂം ബോയ് പറഞ്ഞത് ഓർത്തു കൊണ്ട്, പണ്ടാരം അവിടുന്നു കഴിച്ചാൽ മതിയായിരുന്നു എന്ന മനസ്സിൽ സ്വയം പ്രാകി വണ്ടി വിട്ടു.ഈ നാട്ടിൽ ഒന്നും ഒരു തട്ടുകട പോലും ഇല്ലേ എന്ന് പറഞ്ഞതും അതാ മുന്നിൽ ഒരു പുക. ഒരു കൊച്ചു വീട്, അതിനോട് ചേർന്ന് മുന്നിലേക്ക് ഒരു മുറി, ഒരു ചെറിയ കല്ലിൽ ആവി പാറുന്നുണ്ട്.ഒരു മേശയും 3 കസേരയും.വണ്ടി പതുക്കെ ഒതുക്കി നിർത്തി, അത് കണ്ടതും അയാൾ എഴുന്നേറ്റ് കല്ലിൽ എണ്ണ പാർന്നു,ഈശ്വര ഇയാളോട് ഇനി ഏത് ഭാഷയിൽ ചോയ്ക്കും,കന്നഡ തീരെ വശമില്ല,റൂറൽ ഏരിയ ആയതുകൊണ്ട് ഇംഗ്ലീഷ് അറിയാൻ വഴി ഇല്ല ,എന്തായലും ഇറങ്ങാം,ആളത് പ്രതീക്ഷിക്കുന്നുണ്ട്. അറിയാവുന്ന ഹിന്ദിയും തമിഴും ഒക്കെ എടുത്ത് അലക്കാൻ ഉള്ള പാകത്തിൽ ഇറങ്ങി.സ്ലോ മോഷണിൽ നടന്ന് സൺഗ്ലാസ് ഊരി പൊടിക്ക് സ്റ്റൈൽ ഇട്ട് ,ഭയ്യ ,ഘാന എന്നാ ഇരിക്കെ എന്ന് മുറി തമിഴ്‌ഹിന്ദിയിൽ ഞാനൊരു ഇറക്ക്‌.കല്ലിൽ നിന്നും മുഖം ഉയർത്തി മൂപ്പർ ഒരു നോട്ടം, തൊട്ടടുത്ത നിമിഷം എന്നെ സ്തംഭിപ്പിച്ചു കൊണ്ട്, കഴിക്കാൻ ആണോ, പൊറോട്ടയും മുട്ടകറിയും ഉണ്ടെന്ന് മൂപ്പർ😂എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ചന്ദ്രനിൽ പോയാലും നിങ്ങടെ ആളുകൾ ഒരു ചായകടയും ആയി ഉണ്ടാവുമെന്ന നാടൻ ചൊല്ല് ഞാനപ്പോൾ ഓർത്തു.ആളുടെ പേര് റഫീഖ് എന്നാണ്, തലശ്ശേരികാരനാ, വർഷങ്ങൾ ആയി ഹസ്സനിൽ ആണ്, ഭാര്യ കന്നഡ ആണ്, എന്തായാലും നല്ല പൊറോട്ടയും കറിയും ഒപ്പം ഇക്കയുടെ കത്തിയും, സാധാരണ മലയാളികൾ ഈ വഴി വരാർ ഇല്ല,നിങ്ങൾ ബേലൂർ കാണാൻ വന്നതാകുമല്ലേ.. ഒരുപാട് നാളായി നാട്ടിൽ പോയിട്ട്,ആരെങ്കിലും ഉണ്ടോ എന്ന പോലും അറിയില്ല.ഉടനെ കിട്ടിയ അവസരം പാഴാക്കാതെ ദുൽഖറിന്റെ ഡയലോഗ് ഞാൻ അങ്‌ ഇറക്കി.,ഇക്ക ഞങ്ങളി വന്ന റോഡാ ഇത് ,കേരളത്തിന്ന്. ഇക്ക പൊട്ടിച്ചിരിച്ചു,മലയാള സിനിമ ഞാനും കാണാറുണ്ട് കേട്ടോ മക്കളെ എന്ന്..ഇക്കയുടെ ഫോൺ നമ്പർ ഒക്കെ വാങ്ങി ഞങ്ങൾ ഇറങ്ങി, തിരിച്ച വരുമ്പോൾ നോക്കിയെങ്കിലും ഇക്കയെ കടയിൽ കണ്ടില്ല….വർഷം 4 -5 ആയെങ്കിലും ഇപ്പോഴും പൊറോട്ടയും മുട്ടകറിയും കണ്ടാൽ അപ്പൊ ഇക്കയെ ഓർമ വരും😍

പിച്ചകം

ഈ പൂക്കൾ, അവരൊരു മൊതലാട്ടോ,എല്ലാരും ഇല്ല, ആ റോസാപൂവിനെ എനിക്ക് കണ്ണെടുത്താ കണ്ടുടാ, പിന്നെ മുല്ല, കുറച്ച് ഇഷ്ടാ, വേറെ ഒന്നുമല്ല, അത്‌ തലയിൽ വച്ചാൽ എന്നെ കാണാൻ കുറച്ച് ചന്തൊക്കെ ഉണ്ട്, കാര്യം നമ്മൾ ഒരു കോട്ടപ്പള്ളി ആണെങ്കിലും താമര നമ്മക്ക് ഇഷ്ടാ… എന്ത് നല്ല പൂവാലെ,ചിത്രം വരക്കുമ്പോ താമര എനിക് മസ്റ്റാണ്. അതുപോലെ ഞാൻ അധികം കാണാത്ത പൂവായിരുന്നു സൂര്യകാന്തി, ഒരിക്കൽ മൈസൂറിനടുത്തുള്ള ഒരു ഗ്രാമത്തിൽ കണ്ണെത്താ ദൂരം ഉള്ള ഒരു സൂര്യകാന്തി പാടം കണ്ടു,ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു കാഴ്ച…അവിടന്നങ്ങോട്ടാണ് എന്നിലെ പുഷപ പ്രേമം മോട്ടിട്ടത്, എന്നാൽ ഒരു തുള്ളി വെള്ളം പോലും ഞാൻ അവറ്റക്കു കൊടുക്കാറില്ല, ശങ്കുപുഷ്പം,ചെമ്പകം നന്ദ്യാർവട്ടം, ഗുൽമോഹർ എന്നി പൂക്കളോട് എനിക്ക് പക്ഷപാദപരമായ അടുപ്പമുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പിച്ചകമാണ്.വീടിനു മുന്നിലെ താമാരകുളത്തിനു മുകളിൽ ‘അമ്മ ആ വള്ളികൾ പടർത്തിയപ്പോൾ എനിക് പുച്ഛമായിരുന്നു,അതു പിന്നെ നമ്മുടെ സ്ഥായി ഭാവം ആണല്ലോ, സ്വയം ചെയ്യാൻ വയ്യാത്ത കാര്യം വന്നാൽ ഞാൻ അങ്ങു നന്നായി പുച്ഛിച്ചു വിടും,.എന്തായാലും കാലം കുറച്‌ കഴിഞ്ഞപ്പോൾ അവൾ പതിയെ പൂത്തു തുടങ്ങിയെന്ന് തോന്നുന്നു. ഈ ഇടക്കാണ് ഇൻസ്റ്റാഗ്രാമിൽ ഒരു സുഹൃത്ത് പിച്ചകത്തിന്റെ ഫോട്ടോ ഇട്ട് കണ്ടത്. നല്ല ഭംഗിയുണ്ടല്ലോ, രാവിലെ എഴുന്നേറ്റു നോക്കുമ്പോ ആ പൂവിതാ എന്റെ മുറ്റത്തു, അതാണല്ലോ പിച്ചകം. പതിയെ അടുത്തു ചെന്നു, കയ്യിലെടുത്ത് മണത്തു, എന്റെ സാറേ😎💚 ,അവിടെ തുടങ്ങിയതാണ് ഞങ്ങൾ തമ്മിൽ ഉള്ള ഇടപാട്, എല്ലാ രാത്രിയും ഞാൻ അത് കുറച്ചെടുത്തു മുറിയിൽ വെയ്ക്കും, രാവിലെ ആ സുഗന്ധത്തിൽ ഉണരുമ്പോൾ ,അതൊരു സുഖമാണ്,സന്തോഷമാണ്.എന്തായാലും ഇൻസ്റ്റാഗ്രാമിൽ ആ ഫോട്ടോ ഇട്ട അജ്ഞാതനായ സുഹൃത്തിന് നന്ദി.

മേഘമൽഹാർ..

പ്രിയപ്പെട്ട രാജീവ്,
ഗസൽ ഒഴുകുന്ന സന്ധ്യകളിൽ എല്ലാം ഞാൻ ഓർക്കാറുണ്ട് രാജീവനെയും നന്ദിതയെയും പറ്റി.
ഒരുപക്ഷേ അന്ന് പിരിഞ്ഞതിനു ശേഷം ഒരു ഗസൽ സദസ്സുകളിലും  പരസ്പരം കാണുമെന്ന് ഭയന്ന് രണ്ടുപേരും പോയില്ലലോ.. മധുവന്തിയും മേഘമൽഹാറും എല്ലാം കൂടുതൽ അവിടെ തിരഞ്ഞത് നിങ്ങളെ അല്ലേ.
ആ നഗരത്തിൽ
എത്രയോ വട്ടം നന്ദിതയെ കണ്ടില്ലേ…കാണാത്ത പോലെ തിരിഞ്ഞ് നടന്നില്ലേ.. ഒന്ന് അറിയുമോ രാജീവ്.. അന്നൊക്കെ അവളും തിരിഞ്ഞ് നടന്നു… രാജീവ് അവളെ കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു….
നിങ്ങൾ എന്തിനാണ് അകന്നത്…
നല്ല സുഹൃത്തുക്കൾ ആയില്ലെങ്കിലും ഇതുപോലെ കാണുമ്പോൾ തിരിഞ്ഞു നടക്കാതെ ..ഒരു ഹലോ പറഞ്ഞൂടെ…ഒരുപാട് നാൾ കഴിഞ്ഞ് വീണ്ടും കണ്ടപ്പോൾ പറഞ്ഞ “ഹെലോ”…അതിന്റെ തീവ്രത എത്ര കൂടുതലാണ്..എന്തിനായിരുന്നു…

ചിരി💜


എന്റെ ഇത്ര കാലത്തെ തരക്കേടില്ലാത്ത സർവീസിൽ കണ്ട ഏറ്റവും ബെസ്റ്റ് ചിരി അമ്മയുടേതാണ്.പൂവ് വിടരുന്നത് പോലെ ഒരു ചിരി,എന്നാൽ ചില നേരത്ത് അത് കാണുമ്പോ മറ്റേ സിനിമേൽ കണാരൻ പറഞ്ഞപ്പോലെ തച്ചങ്ങട്ട് കൊല്ലാൻ തോന്നും,അത്രക്കും അനവസരത്തിൽ ആയിരിക്കും അത്. പണ്ട് കസിൻ ചേച്ചിയെ പെണ്ണ് കാണാൻ വന്ന ഒരു ഹൈ ക്ലാസ് ചെക്കന്റെ അമ്മാവൻ കസേര സ്ഥാനത്ത് ഉണ്ടെന്ന് കരുതി നേരെ ഭൂമിദേവിയെ ഒന്നാകെ വഴങ്ങിയപ്പോൾ മുതൽ ആണ് അമ്മയിലെ ആ ചിരി ഞാൻ നോട്ട് ചെയ്ത് തുടങ്ങിയത്.അമ്മയാണച്ച വീട് മുഴുവൻ കേൾക്കെ ആണ് ചിരിക്ക..ചിലപ്പോ ഒക്കെ ചിരി ആണോ കരച്ചിൽ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു പ്രത്യേക സൈസ് ചിരി,എത്രയോ വട്ടം കുളിമുറിയിൽ നിന്നു വരെ ആ ചിരി കേട്ട് എന്തോ താഴേ സംഭവിച്ചു എന്ന് കരുതി ചെന്ന് ശശിയായ അവസ്ഥ ഉണ്ടായിരിക്കുന്നു…എന്നാൽ ആ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്,ഞങ്ങളുടെ വീട്ടിലെ മെയിൻ എനർജിയും ആ ചിരിയാണ്. അപ്പൊ പറഞ്ഞു വന്നത് ഈ പറയണ ഞാനൊക്കെ എങ്ങനെ ചിരിക്കാതെ ഇരിക്കാം എന്നതിൽ നല്ല പഠനം നടത്താറുണ്ട്, എനിക് പണ്ടേ ചിരിക്കാൻ നല്ല മടിയാണ്..എന്താ ചിരിച്ചാൽ മുത്ത് വീഴോ എന്ന്‌ പലരും ചോയ്ക്കാറുമുണ്ട്…കാര്യം വല്ലാത്ത കഷ്ടപ്പാടാണ്.
.ചിരി കാണാൻ പക്ഷെ നല്ല രസാ,പൂവ് വിടരുന്നത് പോലെ ചിരിക്കുന്ന ചിലരുണ്ട്,എത്ര അനുകരിച്ചാലും നോ രക്ഷ,എപ്പോ കയ്യിന്ന് പോയി ചോയ്ച്ചാൽ മതി..വേറെ ചിലരുണ്ട്,അവരുടെ ഒരു ചെറുപുഞ്ചിരി പോലും വല്ലാത്ത സുഖം സമ്മാനിക്കും.എന്റെ പ്രശ്‌നം വേറെ ഒന്നുമല്ല ഒരു പ്രത്യേക സാഹചര്യത്തിൽ എങ്ങാൻ ചിരിച്ചാൽ ഫ്രണ്ട്‌സ് സിനിമേലെ ശ്രീനിവാസന്റെ അവസ്ഥയാവും,നിർത്താൻ പറ്റില്ല.
ഞാൻ ചിരിച്ചാൽ ഭയങ്കര ബോറാണ്.
അമ്മയിലെ ചിരിയുടെ രാസപ്രവർത്തനം എന്നിലും വന്ന് ഭവിക്കുന്നത് സ്വാഭാവികമല്ലേ.എന്റെ മുഖത്ത് വിരിയുന്ന സ്ഥായി ഗൗരവ ഭാവത്തിന്റെ പിന്നിലെ രഹസ്യവും അതാണ്. എന്തോ ഒരു ആത്മാവിശ്വാസ കുറവ്.പിന്നെ അങ്ങോട്ട്‌ ചിരിക്കാൻ തന്നെ മറന്ന് പോയി.
എന്നാൽ ചിരി എനിക്ക് ഇഷ്ടമാണ് ,ചിരിക്കുന്നവരെയും.
പക്ഷേ ഇപ്പോ ചില പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ ചിരിയേക്കാൾ നല്ലത് വേറൊന്നുമില്ലെന്ന്‌ ക്ലിയറായി. അതോണ്ട് ഇനിയങ്ങോട്ട് ചിരിക്കാൻ തന്നെ തീരുമാനിച്ചു..എന്ത് വന്നാലും.. അതിരുകൾ ഇല്ലാതെ ചിരിക്കാൻ..അമ്മയെ പോലെ 💜

Comrades

നിങ്ങൾ ഇങ്ങനെ കാത്തും കരുതിയും ഒക്കെ ഇരിക്കണോണ്ടല്ലേ ഞാൻ ഇങ്ങനെ ശ്വാസം വിട്ട് നെഞ്ചും വിരിച്ച് ബല്യ വർത്താനൊക്കെ പറഞ്ഞ് ആളായി നടക്കണേ. എല്ലാ മക്കളും പറയണ പോലെ എന്റെ അച്ഛനും അമ്മേം ഭയങ്കര സംഭവം ആണെന്നൊന്നും ഞാൻ പറയില്ല…
ഒന്നിനെയും ഭയത്തോടെ കാണാതെ, തുറന്ന് പിടിച്ച കണ്ണുകളുമായി ലോകത്തെ നോക്കി കാണാൻ നിങ്ങൾ എന്നെ പഠിപ്പിച്ചു.. അഥവാ ഞാൻ നിങ്ങളിൽ നിന്ന് പഠിച്ചു… തെറ്റുകൾ ആവർത്തിക്കുമ്പോൾ എല്ലാം കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തി ശരികളിലേക്കുള്ള വഴിക്കരികിൽ നിന്നു…സ്വതന്ത്രമായി ചിന്തിക്കാനും,സ്വന്തം നിലപാടുകൾ തുറന്ന് പറയാനും അവസരങ്ങൾ തന്നു…സൗഹൃദങ്ങൾക്കും യാത്രകൾക്കും പരിധി നിശ്ചയിച്ചില്ല….സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും “നോ” പറയേണ്ടിടത്തു അത്‌ നിവർന്ന് നിന്ന് പറയാനും എനിക്ക് ധൈര്യം തന്നു, പലപ്പോഴും തീരുമാനങ്ങളിൽ ഞാൻ പരാജയപ്പെട്ടപ്പോൾ , കൂടെ ഉണ്ടെന്ന് വീണ്ടും ഓർമിപ്പിച്ചും തളർന്ന് പോയപ്പോൾ ചേർത്തു പിടിച്ചും….തിരുത്താൻ അവസരങ്ങൾ തന്നു.
പഠിച്ച പണി ചെയ്യാതെ വേറെ പലത്തിലേക്ക് സഞ്ചരിച്ചപ്പോഴും തണൽ വിരിച്ചു നിൽക്കുന്നു…
സ്നേഹവും കരുണയും ഒക്കെ എന്നിലേക്ക്‌ പകർന്ന് തന്നു…
സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും രുചിയും അങ്ങനെ വേണ്ട എല്ലാം കുറേശ്ശ ആയി നൽകി…പുസ്തകങ്ങൾക്ക് പുറമെ ആനുകാലികങ്ങൾ വായിക്കാനും…നല്ല സിനിമകൾ കാണുന്നതിനോടൊപ്പം മോശം സിനിമകളും കാണിക്കാനും…ഇഷ്ടമല്ലാത്ത കലകളെ ബഹുമാനിക്കാനും….അങ്ങനെ പടർന്ന് പിടിക്കാൻ വെള്ളം ഒഴിച്… അതെല്ലാം ചർച്ച ചെയ്യാനും ഉറക്കെ ചിരിക്കാനും അഭിപ്രായവ്യത്യാസങ്ങളിൽ അടി കൂടാനും വീടെന്നൊരു അന്തരീക്ഷം നൽകി….
യാത്രകൾ കൊണ്ടുപോയത് പിക്നിക് സ്പോടകളിലേക്കല്ല പകരം ഗ്രാമങ്ങളിലേക്കും അവിടെയുള്ള ജീവിതങ്ങളിലേക്കുമായിരുന്നു. അതിലൂടെ മനുഷ്യൻ ആണ് ഏറ്റവും വലിയ മതമെന്നും പ്രകൃതിയാണ് ദൈവമെന്നും പഠിപ്പിച്ചു.ആ യാത്രകൾ തന്നിരുന്ന ഊർജ്ജവും ശക്തിയും എത്ര വലുതാണെന്ന് ഈ കോറോണകാലം കാണിച്ചു തന്നു.
അങ്ങനെ മാറി മാറി പറക്കാൻ ഉള്ള ചിറകുകളും മണ്ണിൽ ഉറച്ചു നിൽക്കാൻ ഉള്ള വേരുകളും നിങ്ങൾ എനിക്ക് തന്നു.
ഇന്നിപ്പോൾ ഈ വിവാഹവാര്ഷിക ദിനത്തിൽ കൊറോണ നമ്മളെ ചെറുതായൊന്നു അകറ്റി… എന്നാലും അവസാന നിമിഷം ഞാൻ വിളിച്ചപ്പോൾ, നമുക്ക് വേണ്ടി ,അവിടെ നല്ല അടിപൊളി ഹോം മെയ്ഡ് കേക്ക് എത്തിച്ച എന്റെ സുഹൃത്തും കുട്ടി ഡോക്ടറും നല്ല ബേക്കറുമായ ജസ്‌ലിന് ഒരുപാട് നന്ദി….
പിന്നെ രാവിലെ മുതൽ ഈ സർപ്രൈസ് അറിഞ്ഞിട്ടും അത്‌ പുറത്ത് കാണിക്കാതെ കഷ്ടപ്പെട്ടു കൊണ്ട് നടന്ന ആ ചിടുങ്ങി അടിപൊളി ആണ്….
അപ്പൊ കൂടുതൽ ഡെക്കറേഷൻ ഒന്നുല്ല…. HAPPY WEDDING ANNIVERSARY❤️

രുചി

IMG_20200819_214518_246കാത്ത് ഇരുന്നും നടന്നും ഓടിയും ഒക്കെ കഴിച്ചതിന് വല്ല കയ്യും കണക്കുമുണ്ടോ😋 ഒരു ചായ കുടിക്കാൻ വെറുതെ കിലോമീറ്ററുകൾ സഞ്ചരിച്ച കാലം ഒട്ടും പിറകിൽ അല്ല !!
രുചി തേടി മാത്രം പോയ യാത്രകൾ…
എന്താന്ന് അറിയില്ല എന്റെ രുചികളിൽ ഒരു തമിഴ് ടച്ച് എപ്പോഴും മുന്തി നിൽക്കും. കടുത്ത വെജിറ്റേറിയൻ ആരാധികയാണ് ഞാൻ എന്നത് അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യമാണ്.
ഓർമ്മയിലെ ഏറ്റവും നല്ല രുചി പാലക്കാട്ടെ അശോക്ഭവനിലെ തൈര് വടയുടേതാണ്.
(Sreeram Kizhuppillikkara ..കഥ ഇതുവരെ കിട്ടിയില്ല).
തിരുനെൽവേലിക്കടുത്തുള്ള അമ്പാസമുദ്രത്തിലെ നല്ല കുടവയറുള്ള റാവുത്തർ അണ്ണന്റെ പൊറോട്ടക്കും ചിക്കൻ ഫ്രൈയ്ക്കുമാണ് നോൺ വിഭാഗത്തിൽ എന്റെ ഒന്നാം സ്ഥാനം.സേലത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ സെൽവിഅക്കയുടെ തട്ട് കടയിൽ നിന്ന് ഇറങ്ങാൻ നേരം കൊഞ്ചം സാപ്പിടലാം എന്ന് പറഞ്ഞപ്പോ കഴിച്ച ചിക്കൻ കറിയും പനിയാരവും എന്നെ എങ്കയോ എത്തിച്ചു.The Best.
ഡൽഹി കരോൾബാഗിൽ ഒരു പുലർച്ചെ അച്ഛനൊപ്പം നടക്കാൻ ഇറങ്ങിയപ്പോ കുടിച്ച ഇഞ്ചി ചായ പിന്നീട് പലവട്ടം വീട്ടിൽ പരീക്ഷിച്ചെങ്കിലും ഫ്ലോപ്പ് ആയിരുന്നു…രാജസ്ഥാനിലെ ഒരു ധാബയിൽ നിന്ന് കിട്ടിയ ജിലേബിയാണ് ഒട്ടും മധുരപ്രിയ അല്ലാത്ത എന്റെ നാവിൽ മധുരരസങ്ങൾ പകർന്നത്.
Greeshma Anilum അക്ഷയുമായും ഒന്നിച്ചു തിരുവനന്തപുരം പ്ലാമൂടെ ഉണ്ണിയേട്ടന്റെ ചായക്കടയിലെ ഒരു കാപ്പിയായിരുന്നു പല ദിവസങ്ങളിലെയും ഫുൾ എനർജി പിൽ. ചിദമ്പരത്തിനടുത്തുള്ളഗ്രാമത്തിലെ വീട്ടിൽ നിന്നും ഒരു മൊന്തയിൽ കുടിച്ച വെള്ളമാണ് ഞാൻ കുടിച്ചതിൽ വച്ച് ഏറ്റവും രുചിയുള്ള ശുദ്ധജലം.പാലക്കാട്ടെ വിജയലക്ഷ്മി ഹോട്ടലിലെ ഇഡ്ലിയും മട്ടൻ കറിയും യൂട്യൂബിൽ കണ്ട്…മാർച്ച് രണ്ടാം വാരം പോയി കഴിച്ചതാണ് ഒടുവിലത്തെ രുചി സ്റ്റോറി.
അങ്ങനെ രുചി കഥകൾ പൂർവ്വാധികം ശക്തിയോടെ പൊയ്കൊണ്ടിരിക്കുമ്പോൾ ആണ് …ബാക്കി പറയണ്ടല്ലോ…
എന്തായാലും ലോകം പഴയത് പോലെ ആകുന്ന ഒരു നാൾ മുതൽ ഈ കാത്തിരിപ്പുകൾ സമയം കവരട്ടെ…വിശാലമായ ഇടങ്ങളിൽ മുഖം മറക്കാതെ രുചികൾ തേടുന്ന പകലുകളും രാത്രികളും വീണ്ടും വരട്ടെ..രുചി കഥകളാൽ സമ്പന്നമാവട്ടെ 💓